കൊച്ചി: കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് ഹൈകോടതിയുടെ മുൻകൂർ ജാമ്യം. സ്ത്രീത്വത്തെ അപമാനിച്ചെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. ആരോപണങ്ങൾ ഗൗരവമുള്ളതാണെങ്കിലും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
നവവധുവിനെ ഒരുക്കുമ്പോൾ ശരീരത്തിൽ സ്പർശിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമടക്കമുള്ള പരാതികളിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. ആസ്ട്രേലിയയിൽ താമസിക്കുന്ന മലയാളി യുവതിയടക്കം നൽകിയ പരാതികളിലാണ് കേസ്. സമാനമായ പരാതി മറ്റ് രണ്ട് യുവതികളും സാമൂഹിക മാധ്യമങ്ങളിലൂടെയും ഉന്നയിച്ചു.
എന്നാൽ, തന്നെ മേക്കപ്പ് തൊഴിൽ മേഖലയിൽനിന്ന് പുറത്താക്കാൻ കെട്ടിച്ചമച്ചതാണ് കേസെന്നായിരുന്നു അനീസിന്റെ വാദം. അടുത്തിടെ ഒരു ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ഇതേ പരാതി ഉയർന്നിരുന്നു.
ഈ സംഭവത്തിന് മാധ്യമ ശ്രദ്ധ ലഭിച്ചതിനെത്തുടർന്ന് ഒരു യുവതി തനിക്കെതിരെ സോഷ്യൽ മീഡിയയിൽ കാമ്പയിൻ തുടങ്ങിയെന്നും ഇതിന്റെയടിസ്ഥാനത്തിലാണ് മറ്റുള്ളവർ പരാതിയുമായി രംഗത്തെത്തിയതെന്നും അനീസ് വാദിച്ചു.

















