കേരളത്തിലേക്ക് എം.ഡി.എം.എ മൊത്ത വിതരണം നടത്തുന്ന ശൃംഖലയിലെ പ്രധാനികളായ യുവതിയെയും യുവാവിനെയും പിടികൂടി. നിലമ്പൂര്‍ ചോക്കാട് ചപ്പാത്തില്‍ അജ്മല്‍ (32), തിരുവനന്തപുരം മലയിന്‍കീഴ് കൃഷ്ണ സദനത്തില്‍ സൂര്യ (23) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. മേയ് ഒമ്പതിന് ദേശീയപാത പന്തീരാങ്കാവില്‍ വെച്ച് എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിതരണക്കാരായ അജ്മല്‍, സൂര്യ എന്നിവരിലേക്ക് പൊലീസ് എത്തിയത്. തുടര്‍ന്ന് ഡെല്‍ഹിയില്‍ നടത്തിയ റെയ്ഡില്‍ നോയിഡയിലെ ആഡംബര ഫ്‌ളാറ്റില്‍ വെച്ചാണ് ഇരുവരും കുടുങ്ങിയത്.
കഴിഞ്ഞ മേയ് ഒമ്പതിന് പള്ളിക്കല്‍ ബസാര്‍ ചാലില്‍ കടവത്ത് മുഹമ്മദ് അര്‍ഷലാല്‍ (25), ചേലേമ്പ്ര മേലെത്തൊടി ആദില്‍ഷ (20), ഐക്കരപ്പടി കുറിയേടം അമ്പായത്തിങ്ങല്‍ മുഹമ്മദ് ഫര്‍ഹാന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സിറ്റി നാര്‍കോട്ടിക് അസിസ്റ്റന്റ് കമീഷണറും ഡാന്‍സാഫും ഫറോക്ക് അസിസ്റ്റന്റ് കമീഷണര്‍ സ്‌കോഡും ചേര്‍ന്ന് പന്തീരാങ്കാവ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. അന്ന് പിടിയിലായ വരെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇരുവരിലേക്കും അന്വേഷണം എത്തിയത്.
ഇവരില്‍നിന്ന് പാക്കിങ് മെറ്റീരിയല്‍, 100 കിലോയോളം പാക്ക് ചെയ്യാന്‍ ഉപയോഗിക്കാവുന്ന 5000ത്തിലധികം കവറുകള്‍, പണം എണ്ണുന്ന മെഷീന്‍, എ.ടി.എം കാര്‍ഡുകള്‍, പാക്കിങ് സീലര്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പിടികൂടിയിട്ടുണ്ട്. സൂര്യയുടെ പേരിലുള്ള ഫ്‌ലാറ്റില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ആഴ്ചയില്‍ 10 കിലോയില്‍ അധികം എം.ഡി.എം.എ ഇരുവരും കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വിതരണത്തിനായി അയച്ചിരുന്നതായി പൊലീസ് പറയുന്നു.
ഡല്‍ഹിയില്‍ നിന്നും സെക്കന്‍ഡ് ഹാന്റ് കാറുകള്‍ വാങ്ങി കേരളത്തിലേക്ക് അയക്കുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്. അജ്മലിനെ 2023ല്‍ നൂറ് ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് മലപ്പുറത്ത് വെച്ച് അറസ്റ്റ് ചെയ്തിരുന്നു. സൂര്യ ബാംഗ്ലൂരില്‍ നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലു മാസത്തിനിടെ അഞ്ചു കോടിയിലധികം രൂപയുടെ ഇടപാടുകള്‍ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ നടന്നതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പന്തീരാങ്കാവ് എസ്.എച്ച്.ഒ എ. നിധിന്‍, എസ്.ഐ അര്‍ജുന്‍ അജിത്, ഫറോക്ക് എ.സി.പി സ്‌ക്വോഡ് അംഗങ്ങളായ സബീഷ്, അഖില്‍ ബാബു, ഡാന്‍സാഫ് അംഗങ്ങളായ അതുല്‍, ലതീഷ് നല്ലളം, ഷമാന എന്നിവരുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
















