കോഴിക്കോട് : മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ ഗവർണറുമായിരുന്ന കെ.ശങ്കരനാരായണന്റെ നിര്യാണത്തിൽ ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി ) അനുശോചനം അറിയിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിലെ വിവിധ തലമുറകളിലുള്ളവരുടെ ഗുരുനാഥനായ ഇദ്ദേഹം കോൺഗ്രസിലെ മികച്ച പ്രാസംഗികരിലൊരാളായിരുന്നു.
നാഗാലൻഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, അസം, അരുണാചൽപ്രദേശ്, ഗോവ സംസ്‌ഥാനങ്ങളിൽ ഗവർണറായി സേവനമനുഷ്ഠിച്ചു. ആറു സംസ്ഥാനങ്ങളിൽ ഗവർണരായ ഏക മലയാളിയാണ്. കേരളത്തിൽ വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്‌സൈസ് തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായി. തൃത്താല, ശ്രീകൃഷ്‌ണപുരം, ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലെത്തി.
1986 മുതൽ 2001 വരെയുള്ള ദീർഘകാലയളവിൽ യുഡിഎഫ് കൺവീനറായിരുന്നു. സംഘടനാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. കെ.ശങ്കരനാരായണന്റെ വിയോഗത്തിലുണ്ടായ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് എൻ സി ഡി സി കോർ കമ്മിറ്റി മീറ്റിംഗ് അനുശോചനം നടത്തി. മീറ്റിംഗിൽ പങ്കെടുത്ത എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ, റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് മുഹമ്മദ് റിസ്വാൻ, ഐ സി ഇ ടി ഡയറക്ടർ തോമസ് കെ എൽ, പ്രോഗ്രാം കോർഡനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഇവാലുവേറ്റേസായ ആരതി ഐ.സ്, സുധ മേനോൻ, ബിന്ദു സരസ്വതി എന്നിവർ സംസാരിച്ചു.