പേരാമ്പ്ര (കോഴിക്കോട്): നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് അമ്മയും മകളും മരിച്ചു. കാർ ഓടിച്ച പിതാവിന് പരിക്കേറ്റു. റിട്ട. പ്രധാനാധ്യാപകൻ പേരാമ്പ്ര ടെലിഫോൺ എക്ചേഞ്ചിന് സമീപം തെരുവത്ത് പൊയിൽ വയലിൽ കൃഷ്ണകൃപയിൽ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (48), മകളും എഞ്ചിനിയറുമായ അഞ്ജന (23) എന്നിവരാണ് മരിച്ചത്.
സുരേഷ് ബാബുവിന് തലക്ക് പരിക്കുണ്ടെങ്കിലും സാരമുള്ളതല്ല. പയ്യോളി റോഡിൽ വാല്യക്കോട് പള്ളിക്ക് സമീപം ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം. ഇവിടെ നിർത്തിയിട്ട കോഴിലോറിക്ക് പിന്നിലാണ് കാർ ഇടിച്ചത്. കാറിന്റെ മുൻഭാഗം ലോറിക്ക് ഉള്ളിൽ കയറിപ്പോയി.
ഓടിക്കൂടിയ നാട്ടുകാർ മൂവരേയും കാറിൽനിന്ന് പുറത്തെടുത്ത് പേരാമ്പ്ര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മയുടേയും മകളുടെയും ജീവൻ രക്ഷിക്കാനായില്ല. സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. വൈകീട്ടോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. കുടുംബം വടകരയിൽ കല്യാണത്തിന് പോകുമ്പോഴാണ് വീടിന് രണ്ട് കിലോമീറ്റർ മാത്രം അകലെ വെച്ച് അപകടത്തിൽപെട്ടത്. അപർണ ഭവിൻ ആണ് ശ്രീജയുടെ മറ്റൊരു മകൾ. മരുമകൻ: ഭവിൻ ഭൈരവ്.
മണാശ്ശേരി മലയമ്മ സ്വദേശി പരേതനായ ശ്രീധരന്റെയും പത്മിനിയുടേയും മകളാണ് ശ്രീജ. സഹോദരങ്ങൾ: രഞ്ജിത്ത് കുമാർ, ശ്രീജിത്ത്, പരേതനായ സജിത്ത്. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടേയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
















