കണ്ണൂർ: ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിനെതിരെ രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. എം വി ജയരാജനും കാരായി രാജനുമെതിരെയാണ് രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്.
എം വി ജയരാജൻ അശ്ലീല പദപ്രയോഗം നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. സി പി ഐ എം അനുഭാവി കുടുംബമാണ് തങ്ങളുടേതെന്നും രേഷ്മ പരാതിയിൽ പറയുന്നു. ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ ഒളിത്താവളം ഒരുക്കിയതിന് പിടിയിലായതിന് പിന്നാലെ രേഷ്മയ്ക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്.
പുന്നോൽ ഹരിദാസ് വധക്കേസ് പ്രതി നിജിൽദാസിനെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ച രേഷ്മയെ സംരക്ഷിക്കുന്നത് ബിജെപിയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവിജയരാജൻ പറഞ്ഞിരുന്നു. രേഷമയെ ഇറക്കിക്കൊണ്ടുപോയത് ബിജെപി നേതാവാണ്. അവർക്കു വേണ്ടി ഹാജരായത് ബിജെപിയുടെ വക്കീലും. രേഷ്മയുടേത് സിപിഎം കുടുംബമാണെന്ന ആരോപണം വസ്തുതവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വക്കേറ്റ് പരിഷത്ത് നേതാവ് പി. പ്രേമരാജൻ, ബിജെപി തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയും കൗൺസിലറുമായ കെ അജേഷ് എന്നിവർ കൊലക്കേസ് പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ സ്ത്രീയെ സംരക്ഷിക്കാൻ എത്തിച്ചേരുന്നു എന്നത് നിസ്സാരമായ കാര്യമല്ല എന്നും ജയരാജൻ കൂട്ടിച്ചേർത്തു.
വാടകയില്ലാതെയാണ് നിജിൽദാസ് രേഷ്മയുടെ വീട്ടിൽ കഴിഞ്ഞത്. നിജിൽദാസുമായി ആദ്യമേ പരിചയമുണ്ടെന്നും അവർ കൊലക്കേസ് പ്രതിയാണെന്നും രേഷ്മക്ക് അറിയാമായിരുന്നു. പ്രതിയെ മുഖ്യമന്ത്രി സംരക്ഷിച്ചു എന്നു പറയാത്തത് മഹാഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി നിജിൽദാസിനെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ട് തന്നെയാണെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. നിജിൽദാസിനെ രേഷ്മ സഹായിച്ചതിന് തെളിവുണ്ടെന്നും വീട് ആവശ്യപ്പെട്ടത് പ്രതി നേരിട്ടാണെന്നും വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസിൽ അധ്യാപികയും പിണറായി സ്വദേശിയുമായ രേഷ്മയ്ക്ക് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നിജിന്‍ ദാസിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. രേഷ്മയുടെ പിണറായിലെ വീട്ടിലായിരുന്നു പ്രതി ഒളിച്ച് താമസിച്ചത്.

















