കല്‍പ്പറ്റ: വയനാട് നിലമ്പൂര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ തേന്‍ എടുക്കാന്‍ പോയ സംഘത്തില്‍പ്പെട്ട പിഞ്ചുകുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു. വയനാട് മുപ്പയനാട് പരപ്പന്‍പാറ ചോലനായ്ക്ക കോളനിയിലെ വലിയവെളുത്തയുടെ മകന് രാജന്, നിലമ്പൂര്‍ കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്.
കഴിഞ്ഞദിവസമാണ് ഇവര്‍ തേന്‍ എടുക്കാന്‍ നിലമ്പൂര്‍ അതിര്‍ത്തിയിലെ വനത്തില്‍ പോയത്. മരത്തിൽ നിന്നും തേൻ ശേഖരിക്കുന്നതിനിടെയാണ് രാജൻ മരത്തിൽ നിന്നും തെന്നി വീഴുകയായിരുന്നു. ഇതുകണ്ട് ഓടിവന്ന, ബന്ധുവായ യുവതിയുടെ കയ്യിലുണ്ടായിരുന്ന കുട്ടി താഴ്ചയിലെ കാട്ടരുവിയിലെ പാറക്കെട്ടിലേക്ക് തെറിച്ചുവീണ് മരിക്കുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്.
മരണവിവരം അറിഞ്ഞ് മേപ്പാടി പോലീസ് അപകടസ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി. ഉൾവനത്തിൽ നിന്നും ഫയർഫോഴ്സും സന്നദ്ധ സംഘടനകളും ചേർന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്.

















