തൃശൂർ: തൃശൂർ പൂരത്തിന് ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുണ്ടാവില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. പൂരം പൂർവാധികം ഭംഗിയായി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം. ദേവസ്വം ബോർഡുകൾക്കുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് ഇന്ന് ചേർന്ന സർവ്വ കക്ഷി യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി.
മെയ് 10നാണ് തൃശൂർ പൂരം.പരമാവധി തർക്കങ്ങൾ ഒഴിവാക്കി പൂരം ഭംഗിയായി നടത്താൻ സർക്കാർ എല്ലാ പിന്തുണയും നൽകും. തേക്കിൻകാട് മൈതാനത്തെ ബാരിക്കേഡ് നിർമ്മിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ദേവസ്വങ്ങൾക്കു മേൽ അധിക ബാധ്യത വരുത്തില്ല. ഏതാണ്ട് 15 ലക്ഷത്തോളം ആളുകളെ ആണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. വെടികെട്ട് മുൻ വർഷങ്ങളിലേത് പോലെ നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വർഷം പൂരപ്രേമികള്‍ക്ക് പൂര നഗരയിൽ പ്രവേശനം ഉണ്ടാകും. കൊവിഡ് നിയന്ത്രങ്ങള്‍ വരുന്നതിന് മുമ്പ് നടത്തിയത് പോലെ മികച്ച രീതിയിൽ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.

















