മട്ടന്നൂർ: മട്ടന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 20ഓളം പേർ ചികിത്സ തേടി. നഗരത്തിലെ ജ്യൂസ് കോർണർ എന്ന സ്ഥാപനത്തിൽനിന്ന് ജ്യൂസ് കുടിച്ചവരാണ് മട്ടന്നൂരിലും ഇരിട്ടിയിലുമുള്ള ആശുപത്രികളിൽ ചികിത്സ തേടിയത്.
വ്യാഴാഴ്ച കോക്ടയിൽ കുടിച്ചവരാണ് ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നത്. വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ മട്ടന്നൂർ, ഉരുവച്ചാൽ, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ ആശുപത്രികളിൽ നിരവധി പേരാണ് ചികിത്സ തേടിയത്.
പനി, ഛർദി, വയറിളക്കം, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങളെ തുടർന്നാണ് മിക്കവാറും ആളുകളും ആശുപത്രികളിൽ എത്തിയത്. മട്ടന്നൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയവരെല്ലാം ഒരേ കടയിൽനിന്ന് കോക്ടയിൽ കുടിച്ച കാര്യം പറഞ്ഞപ്പോഴാണ് വിഷബാധ ഏറ്റാതാകാമെന്ന് മനസ്സിലായത്.
ഇതിനിടെ ഉരുവച്ചാലിലും ഇരിട്ടിയിലുമുള്ള ആശുപത്രികളിലും ഇതേ കടയിൽനിന്ന് കോക്ടയിൽ കുടിച്ചവർ ചികിത്സ തേടി. സംഭവത്തെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗമെത്തി സാമ്പിൾ ശേഖരിച്ചശേഷം കട പൂട്ടിച്ചു. സാധനങ്ങൾ പരിശോധനക്കയച്ചു. ഫുഡ് സേഫ്റ്റി വിഭാഗവും സ്ഥാപനത്തിലെത്തി പരിശോധന നടത്തി.
















