തലശേരി: ഹരിദാസന് വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടു നല്കിയ പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപിക രേഷ്മ അറസ്റ്റിൽ.
വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാത്രിയോടെയായിരുന്നു രേഷ്മയെ അറസ്റ്റ് ചെയ്തത്. പ്രതിക്കു വീടു വിട്ടു നൽകിയ വിവരം പുറത്തുവന്നതിനെത്തുടർന്ന് ഇവരുടെ വീടിനു നേരെ ബോംബേറ് ഉണ്ടായിരുന്നു. പ്രതിക്കു വീട് വിട്ടു നല്കിയതു കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പോലീസിനു ലഭിച്ച വിവരം. ഐപിസി 212 വകുപ്പ് പ്രകാരം അഞ്ച് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം അധ്യാപികക്കെതിരെ ചുമത്തിയത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് ഒളിപ്പിച്ചു താമസിപ്പിച്ചത് കണക്കിലെടുത്താണിത്.
ഒളിച്ചുതാമസിക്കാൻ ഒരിടം വേണമെന്നു പറഞ്ഞു വിഷുവിന് ശേഷമാണു പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്.17 മുതൽ നാലുദിവസത്തേക്കു പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽ ദാസിനു താമസിക്കാൻ രേഷ്മ സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഹരിദാസൻ വധത്തിനു ശേഷം ഒളിവിൽ പോയ നിജിൽദാസ് ഇതിന് മുൻപ് താമസിച്ച സ്ഥലങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.

















