തിരുവനന്തപുരം: പാപ്പനംകോട് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗിരിജയാണ് മരിച്ചത്. ഷോക്കേറ്റ് അവശനായ നിലയിൽ കണ്ടെത്തിയ ഇവരുടെ ഭർത്താവ് സദാശിവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉച്ചയോടെ വീട്ടിലെത്തിയ മകൻ ഡോ. അജിത് കുമാറാണ് സംഭവം ആദ്യം അറിയുന്നത്. ആത്മഹത്യാക്കുറിപ്പും സ്വത്തു ഭാഗം വയ്ക്കുന്നത് സംബന്ധിച്ച രണ്ടു പേജുള്ള കുറിപ്പും പൊലീസിനു ലഭിച്ചു. ഗിരിജയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും സദാശിവൻ നായരെ തൊട്ടടുത്ത ശുചിമുറിയിൽ ഷോക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്. കൈ ഞരമ്പുകളും മുറിച്ചിരുന്നു.
ഹീറ്ററിന്റെ പ്ലഗിൽനിന്ന് വൈദ്യുതി പ്രവഹിപ്പിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടില്ല.
മകന് ഉച്ചയോടെ വീട്ടിലെത്തിയപ്പോള്‍ വാതിലില്‍ മുട്ടുകയും ആരും തുറക്കാതെ വന്നപ്പോള്‍ പരിഭ്രാന്തനായി നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു.
നാട്ടുകാരെത്തി വാതില്‍ തള്ളിത്തുറന്ന് നോക്കുമ്പോഴാണ് ഗിരിജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ നേമം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















