പാലക്കാട്: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍. ബിലാല്‍, റസ്വാന്‍, റിയാസ് ഖാന്‍, സഹദ് എന്നിവരാണ് അറസ്റ്റിലായത്. നാലു പേരും പാലക്കാട് ജില്ലക്കാരാണ്. ഗൂഡാലോചന, കൃത്യം നടത്താൻ സഹായിച്ചു എന്നിവയാണ് ഇവർക്കെതിരായ വകുപ്പുകൾ.
കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൃത്യം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം.
ശ്രീനിവാസനെ കൊലപ്പെടുത്താൻ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ 4 പേരാണ് പിടിയിലായത്. കേസിൽ 16 പേർ പ്രതികളാകുമെന്ന് ഇപ്പോൾ കരുതുന്നു. ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട അന്നാണ് കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോർച്ചറിക്ക് പുറകിൽ ഇരുന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത് എന്നും എഡിജിപി അറിയിച്ചു.

















