പാപ്പനംകോട് :തിരുവനന്തപുരത്ത് വൃദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനംകോട് സ്വദേശി ഗിരിജയാണ് മരിച്ചത്. വീട്ടിൽ നിന്ന് ഷോക്കേറ്റ നിലയിൽ കണ്ടെത്തിയ ഗിരിജയുടെ ഭർത്താവ് സദാശിവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സദാശിവൻ സ്വയം വൈദ്യുതാഘാതം ഏൽപ്പിക്കുകയായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്. ശൗചാലയത്തിൽ ഷോക്കേറ്റ് അവശനായ നിലയിലാണ് സദാശിവനെ നാട്ടുകാർ കണ്ടെത്തിയത്.
ഉച്ചയോടെ മകൻ വീട്ടിലെത്തിയപ്പോൾ വാതിലിൽ മുട്ടുകയും ആരും തുറക്കാതെ വന്നപ്പോൾ പരിഭ്രാന്തനായി നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാരെത്തി വാതിൽ തള്ളിത്തുറന്ന് നോക്കുമ്പോഴാണ് ഗിരിജയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ നേമം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















