തിരുവനന്തപുരം: കെ റെയിൽ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരേയാണ് തിരുവനന്തപുരം റൂറൽ എസ്പി അന്വേഷണത്തിന് നിർദേശം നൽകിയത്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായിരിക്കും ഇത് അന്വേഷിക്കുക.
പോലീസുകാരന് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. സമരക്കാര്‍ക്കെതിരെ പോലീസിന്റെ ബലപ്രയോഗമുണ്ടായതും പിന്നീട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തതോടെയാണ് പ്രതിഷേധം ശരക്തമായത്.
കോണ്‍ഗ്രസ് നേതാക്കള്‍ പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ഷെബീറിന്റെ ഭാഗത്ത് നിന്ന് എന്തൊക്കെ വീഴ്ചകളാണുണ്ടായത് എന്ന് റിപ്പോര്‍ട്ട് കിട്ടിയ ശേഷം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുക. രാവിലെ കരിച്ചാറയില്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത് എന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്.
തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയിൽ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ സംഘർഷമുണ്ടായത്. ഇവരെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പോലീസുകാരൻ ബൂട്ടിട്ട് പ്രവർത്തനെ ചവിട്ടുകയായിരുന്നു. സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെ കല്ലിടൽ നടപടികൾ നിർത്തിവച്ച് ഉദ്യോഗസ്ഥർ ഇവിടെനിന്നും മടങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം അവസാനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കരിച്ചാറയിൽ കല്ലിടൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

















