കൽപറ്റ: നഗരത്തിലും പരിസരങ്ങളിലുമായി ഞായറാഴ്ച 31 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ കൽപറ്റ ആശങ്കയിൽ. കേരള വെറ്ററിനിറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയ്ക്കു കീഴിൽ പൂക്കോടിലുള്ള ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അനവധി തെരുവ് നായ്ക്കൾ അലഞ്ഞുനടക്കുന്ന നഗരത്തിൽ പേവിഷബാധയേറ്റ നായ മറ്റ് നായ്ക്കളെയും പൂച്ചകളെയും കടിച്ചിട്ടുണ്ട്. ഇവകൾക്കും പേ വിഷബാധക്ക് ഇതോടെ സാധ്യത ഏറെയാണുള്ളത്. നഗരത്തിലും പരിസരങ്ങളിലുമായി അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പള്ളിത്താഴെ, എമിലി, മുണ്ടേരി, മെസ്ഹൗസ് റോഡ്, അമ്പിലേരി എന്നിവിടങ്ങളിലായി പത്തു കുട്ടികളടക്കം 31 പേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. കടിയേറ്റവർക്ക് ഐ.ഡി.ആർ.വി, ഇർഗ് എന്നീ പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുണ്ട്. കുട്ടികളിൽ മുഖത്തു കടിയേറ്റ പള്ളിത്താഴെ മൈതാനി സ്വദേശിനിയായ മൂന്നു വയസ്സുകാരിയെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മണിക്കൂറുകളോളം നഗരത്തിൽ പരിഭ്രാന്തി പരത്തിയ നായയെ പൾസ് എമർജൻസി ടീം വൈകീട്ട് ആറുമണിയോടെയാണ് കുടുക്കിട്ടു പിടികൂടി നഗരസഭയ്ക്കു കൈമാറിയത്. തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ നഗരസഭ അധികൃതർ ഉൾപ്പെടെയുള്ളവർ അടിയന്തരമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















