പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൻ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർ കസ്റ്റഡിയിലെന്ന് സൂചന. ഇവർ കൊലയാളി സംഘത്തിന് വാഹനം നൽകിയവരാണ്.
ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കേസിൽ കൊലയാളികൾക്ക് സഹായം ചെയ്തവരും സംരക്ഷണമൊരുക്കിയവരും ഗൂഢാലോചനയിൽ പങ്കെടുത്തവരുമായി 12 പ്രതികളുണ്ടാകുമെന്നാണ് അന്വേഷണസംഘം നൽകുന്ന ഏകദേശ സൂചന.
കേസിൽ നേരിട്ട് ബന്ധമുള്ള ആറ് പ്രതികളിൽ നാല് പേരെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ അന്വേഷണ സംഘത്തിന് നേരത്തേ ലഭിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതികൾ ഉപയോഗിച്ച ഇരു ചക്രവാഹനങ്ങൾ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്.

















