അഹ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് നേതാവും എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. പലൻപൂരിലെ വീട്ടിൽ നിന്ന് ബുധനാഴ്ച രാത്രി 11.30നായിരുന്നു അറസ്റ്റ്. രാത്രി തന്നെ അഹ്മദാബാദിലെത്തിച്ച മേവാനിയെ ഇന്ന് ഗുവാഹത്തിയിലേക്ക് കൊണ്ടുപോകും.
മേവാനിയുടെ അറസ്റ്റിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല. എന്നാൽ, അധികാരികളുടെ അഭ്യർഥനയെത്തുടർന്ന് അദ്ദേഹത്തിന്റെ ചില സമീപകാലത്തെ ചില ട്വീറ്റുകൾ തടഞ്ഞുവെന്നാണ് ട്വിറ്റർ അക്കൗണ്ട് പരിശോധിക്കുമ്പോൾ കാണാൻ സാധിക്കുന്നത്.
പൊലീസ് ഇതുവരെ എഫ്.ഐ.ആർ പകർപ്പ് കൈമാറിയിട്ടില്ലെന്നാണ് മേവാനിയുടെ അനുയായികൾ പറയുന്നത്.
ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എം.എൽ.എ ആണ് മേവാനി. അസമിൽ അദ്ദേഹത്തിനെതിരെ ചില കേസുകൾ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞതെന്നും വിശദാംശങ്ങൾ അറിയില്ലെന്നും മേവാനിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
















