വിദേശ സന്ദര്‍ശന വിവാദങ്ങള്‍ക്കിടെ, വിയറ്റ്നാമില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തും. ബിജെപി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയേക്കും എന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ വിയറ്റ്നാം യാത്ര ബിജെപി രാഷ്ട്രീയ ആയുധമാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം തിരിച്ചെത്തുന്നത്. രാജ്യത്തെ ജനങ്ങളെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ച ശേഷം രാഹുല്‍ വിദേശത്തേക്ക് കടക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം
ഗ്യാനേഷ് കുമാറിനെതിരായ രാഹുലിന്റെ മിന്നല്‍ സമരമുറകള്‍ ഉണ്ടാകുമോ എന്നതിലാണ് ആകാംക്ഷ. ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്. നവംബര്‍ ഒന്നിലെ മഹാറാലിക്ക് മുന്നോടിയായി ഇന്‍ഡ്യ സഖ്യ നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.
ഇതിന്റെ ഭാഗമായി ബുധനാഴ്ച ജനകീയ പാര്‍ലമെന്റ് സംഘടിപ്പിക്കും. ഗ്യാനേഷ് കുമാറിനെ ജനകീയ വിചാരണ ചെയ്യാനും പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടക്കാനും ആലോചനയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നിലപാടുകള്‍ക്കെതിരെ ബിജെപി ഇതര പാര്‍ട്ടികളെ ഒന്നിപ്പിച്ചുകൊണ്ട് രാജ്യവ്യാപകമായി ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനാണ് രാഹുല്‍ ഗാന്ധിയുടെയും സഖ്യത്തിന്റെയും തീരുമാനം.















