തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ മഴക്കെടുതികളിൽ സംസ്ഥാനത്ത് രണ്ടുപേർക്ക് ജീവൻ നഷ്ടമായി. കാഞ്ചിപുരത്ത് വൈദ്യുതാഘാതമേറ്റ് ഒരു സ്ത്രീയും, വിരുതുനഗറിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് പെൺകുട്ടിയുമാണ് മരിച്ചത്.
കൊടൈക്കനാലിൽ വെള്ളിയാഴ്ച (ഒക്ടോബർ 23) മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടർന്ന് നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി.
സാഹചര്യം വിലയിരുത്തി സംസ്ഥാനത്തെ 33 ജില്ലകളിൽ ഇന്ന് (ഒക്ടോബർ 24) മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഊട്ടി-മേട്ടുപാളയം റോഡിൽ നീലഗിരിക്ക് സമീപം സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു.
അപകടസമയത്ത് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ആറുപേർ മാത്രമാണ് ബസിലുണ്ടായിരുന്നത്. ഉടൻതന്നെ സ്ഥലത്തെത്തിയ നാട്ടുകാർ ഇവരെ സുരക്ഷിതമായി പുറത്തെടുത്തു. ആർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.














