കോഴിക്കോട്: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ശതകോടിക്കണക്കിന് രൂപ ധൂർത്തടിച്ച് പിണറായി സർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങുമ്പോൾ വലിയ അഴിമതി ലക്ഷ്യം വെച്ച് പിണറായി വാർഷികാഘോഷം നടത്തുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് വൻതോതിൽ പണം ചിലവഴിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കേരളം വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരി ആഘോഷം നടത്തുന്നത് ജനവഞ്ചനയാണെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പോപ്പുലർ ഫ്രണ്ടിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ ഇരു കൂട്ടരുമായുള്ള സഖ്യം യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായി. മന്ത്രി ഗോവിന്ദനും കോടിയേരിയും തീവ്രവാദികളെ വെള്ളപൂശുകയാണ്. ഇത് കേരളത്തിന്റെ സ്വൈര്യജീവിതം തകർക്കും. കേരളത്തിൽ കലാപമുണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നത്. പോപ്പുലർ ഫ്രണ്ടുകാർ പ്രതികളായ കേസുകളിൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

















