ആലുവ: വഴിയോര കച്ചവടക്കാരിൽ നിന്നും ഗുണ്ടാ പിരിവ് നടത്തുന്നതായി പരാതി. പിരിവ് നൽകാൻ വിസമ്മതിച്ചതിൻറെ പേരിൽ വഴിയോര കച്ചവടക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആലുവ പമ്പ് കവലയിൽ വാടകക്ക് താമസിക്കുന്ന ദേവിയെന്ന യുവതിയെയാണ് ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തിയത്.
വഴിയോര കച്ചവടക്കാർക്ക് ഈ സംഘം പലിശക്ക് പണം നൽകി നിത്യേന പിരിവെടുക്കുന്ന ഇടപാടുമുണ്ട്. ഇതിൽ പങ്കാളിയാകാൻ ദേവിയോട് ആവശ്യപ്പെട്ടുവെങ്കിലും നിരസിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ദേവിയെയും മകനെയും സംഘം നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തുകയായിരുന്നു.
തൻറെ വരുമാനത്തിൻറെ നിശ്ചിത വിഹിതമുപയോഗിച്ച് കടവരാന്തകളിൽ അന്തിയുറങ്ങുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നയാളാണ് ദേവി.
















