പാലക്കാട്: പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. 24 വരെ പാലക്കാട് നിരോധനാജ്ഞ തുടരും. ആർ.എസ്.എസ് – എസ്.ഡി.പി.ഐ നേതാക്കളുടെ കൊലപാതകത്തെ തുടർന്നാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കാവുന്ന സാഹചര്യം ജില്ലയില്‍ എത്തിയിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീട്ടുന്നത്. കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് 16ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോള്‍ നീട്ടിയത്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.
ഇന്ത്യന്‍ ആയുധ നിയമം സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്ഫോടക വസ്തു നിയമം 1884 ലെ സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.
അതേസമയം ആർ.എസ്.എസ് പ്രവർത്തകൻ എസ്.കെ ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികൾ കേരളം വിട്ടിട്ടില്ലെന്ന് എ.ഡി.ജി.പി വിജയ് സാക്കറെ പറഞ്ഞു. നിരോധനാജ്ഞ തുടരണമെന്ന് പൊലീസ് റിപ്പോർട്ട് അദ്ദേഹം നൽകിയിരുന്നു.

















