തിരുവനന്തപുരം: ഒടുവിൽ ഏറെ നാളെത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് ബസ്, ഓട്ടോ- ടാക്സി നിരക്കുകൾ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കുകൾ പ്രകാരം മിനിമം ബസ് ചാർജ് എട്ടില്‍ നിന്ന് പത്ത് രൂപയാക്കി. കിലോമീറ്റർ നിരക്ക് ഒരു രൂപയാകും.
സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയും, ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിക്കുകയും ചെയ്തു.
അതേസമയം, നോൺ എസി ലോ ഫ്ളോർ ബസുകളിൽ മിനിമം 10 രൂപയാക്കി കുറച്ചു. എസി സ്ലീപ്പര്‍ സര്‍വീസുകള്‍ക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു. എക്സ്പ്രസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, മള്‍ട്ടി ആക്സില്‍ സര്‍വീസുകള്‍, ലോ ഫ്ളോര്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍ എന്നിവയിൽ നിരക്കിൽ മാറ്റമില്ലെന്നും സൂചനകൾ ഉണ്ട് .

















