തിരുവനന്തപുരം: പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിനെതിരേ സി.പി.എം. സംസ്ഥാന സമിതിയില്‍ പി. ജയരാജന്റെ വിമര്‍ശനം. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് അദ്ദേഹം വിമര്‍ശിച്ചു. തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും സംസ്ഥാന സമിതിയില്‍ ജയരാജന് പറഞ്ഞു.
എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കണമെന്ന് പാര്‍ട്ടി പി ജയരാജന് മറുപടി നല്കി. എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ വരുമ്പോഴല്ലേ ചര്‍ച്ച ചെയ്യാന്‍ കഴിയൂ എന്ന് ജയരാജന് ചോദിച്ചു.
പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും പി ജയരാജന് പറഞ്ഞു. ചുമതല വിഭജനത്തില്‍ സന്തുലനം പാലിച്ചില്ലെന്നും ജയരാജന് വിമര്‍ശിച്ചു.
ഇന്ന് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി നിയമിക്കാന്‍ തീരുമാനിച്ചത്. പുത്തലത്ത് ദിനേശൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മാറ്റം. പാർട്ടി നടപടിയിൽ പുറത്തു പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്.

















