തിരുവനന്തപുരം: സംസ്ഥാനത്ത് നെല്‍കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. വിളനഷ്ടവും നഷ്ടപരിഹാരവും സംബന്ധിച്ച് തുടര്‍ച്ചയായി കര്‍ഷകരില്‍ നിന്ന് പരാതികളുയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
വേനല്‍മഴയില്‍ മടവീഴ്ചയില്‍ കൃഷി നശിച്ച കുട്ടനാട്ടിലെ കര്‍ഷകരില്‍ നിന്ന് പരമാവധി നെല്ല് സംഭരിക്കും. മടവീഴ്ച തടയാന്‍ പുറംബണ്ട് നിര്‍മാണം ഉടന്‍ നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. വിളനാശത്തോടെ ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തടസങ്ങളും നഷ്ടപരിഹാരം നല്‍കുന്നതിലെ അശാസ്ത്രീയതയും പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാധ്യമാകും.
കൊയ്ത്തുയന്ത്രങ്ങള്‍ കിട്ടാത്ത കര്‍ഷകരുടെ ദുരിതങ്ങളും പരിഹരിക്കും. യന്ത്രങ്ങള്‍ തദ്ദേശീയമായി തന്നെ വികസിപ്പിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.
അതേസമയം, ബ്ലാസ്റ്റ് രോഗബാധയെ തുടർന്ന് നെൽകൃഷി പൂർണമായി നശിച്ച വയനാട് ചീക്കലൂരിലെ കർഷകർക്ക് നഷ്ടപരിഹാരം വൈകുന്നു. കേരള കാർഷിക സർവകലാശാലയിൽ നിന്ന് വാങ്ങിയ മനുവർണ വിത്തുപയോഗിച്ച പാടങ്ങളിലായിരുന്നു രോഗബാധ. വാഗ്ദാനങ്ങൾ നൽകി സർക്കാർ വഞ്ചിച്ചതിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുകയാണ് കർഷകർ.
ചീക്കുല്ലൂരിലെ 250 ഏക്കറിലധികം വരുന്ന നെൽക്കൃഷിയാണ് അഞ്ച് മാസങ്ങൾക്ക് മുൻപ് ബ്ലാസ്റ്റ് രോഗബാധയെ തുടർന്ന് കരിഞ്ഞുണങ്ങിയത്. മണ്ണുത്തി വിത്തുത്പാദന കേന്ദ്രത്തിൽ നിന്നാണ് ഇവിടേക്ക് കർഷകർ മനുവർണ എന്ന വിത്തിറക്കിയത്. ഏറെ ഗുണമേന്മയുള്ള വിത്താണിതെന്നായിരുന്നു ബന്ധപ്പെട്ടവർ അറിയിച്ചത്.

















