മംഗലാപുരം: മുൻ കാമുകി നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. കർണാടകയിലെ മംഗലാപുരത്താണ് സംഭവം. പൊലീസും അഗ്നിശമന സേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കാൻ ശ്രമം നടത്തിയെങ്കിലും യുവാവ് വിസമ്മതിക്കുകയായിരുന്നു. പിന്നീട് മുൻ കാമുകിയും കുടുംബവും സ്ഥലത്തെത്തിയ ശേഷമാണ് യുവാവ് ടവറിൽ നിന്നും താഴെയിറങ്ങിയത്.
കാമുകിയുമായുണ്ടായ വാക്ക് തർക്കമാണ് സംഭവത്തിന് പിന്നിൽ. കോഡ്മാൻ സ്വദേശിയായ സുധീർ കാഞ്ഞറയാണ് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കാമുകിയുടെ ആവശ്യപ്രകാരം ടവറിൽ നിന്നും താഴെ ഇറങ്ങിയ യുവാവിനെ പോലീസ് പിടികൂടി ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
















