തലശ്ശേരി: ലൗ ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് നിയുക്ത തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ലൗ ജിഹാദുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. പ്രണയത്തിന്റെ പേരില്‍ തീവ്രവാദ സംഘടന ചതിക്കുഴികള്‍ ഒരുക്കിയിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
സമൂഹത്തിന്റെ ആശങ്ക സർക്കാർ ഗൗരവമായി കാണണം. എന്നാൽ എല്ലാ മിശ്രവിവാഹങ്ങളും തീവ്രവാദികൾ നടത്തുന്നതാണെന്ന് കരുതുന്നില്ല. തീവ്രവാദ സംഘടനകളുടെ സ്ലീപിങ് സെല്ലുകൾ കേരളത്തിൽ സജീവമാണെന്ന ആശങ്ക സഭയ്ക്കുണ്ട്. സഭ മറ്റ് മതങ്ങള്‍ക്ക് എതിരല്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഇന്ത്യ പോലെ പല മതങ്ങളിൽപ്പെട്ടവർ ഒന്നിച്ചു ജീവിക്കുന്ന രാജ്യത്ത് മിശ്രവിവാഹങ്ങൾ സ്വാഭാവികമായി സംഭവിക്കാറുണ്ട്. ഇതിനു മുൻപും അങ്ങനെ സംഭവിച്ചിട്ടുണ്ട്. പക്ഷേ, സമീപകാലത്ത് ഇത്തരം വിവാഹങ്ങൾ മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി തികച്ചും ആസൂത്രിതമായി സംഭവിക്കുന്നുവെന്ന തോന്നൽ ചില കോണുകളിൽ ശക്തിപ്പെട്ടുവരുന്നുണ്ട്. അത് പൊതുസമൂഹത്തിന്റെ ഒരു ആശങ്കയാണ്. ഈ ആശങ്കയെ സർക്കാരും ഉത്തരവാദപ്പെട്ടവരും ഗൗരവത്തോടെ കാണണമെന്ന് മാർ പാംപ്ലാനി പറഞ്ഞു.
ഇത് ഇസ്ലാം മതവും ക്രിസ്തുമതവും തമ്മിലുള്ള വിഷയമായി കാണരുത്. തീവ്രവാദ നിലപാടുകളുള്ള ചില വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇതിന് പിന്നില്‍. തീവ്രവാദ സംഘടന സംഘടിതമായി തന്നെ ചില കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടികളെ മതം മാറ്റുന്നു. ഇതിന്റെ ലിസ്റ്റ് സഭ പുറത്തുവിടേണ്ട ആവശ്യമില്ല. ഈ വിഷയത്തില്‍ എന്‍.ഐ.എ നടത്തിയ അന്വേഷണം പ്രഹസനമായിരുന്നു. കോടഞ്ചേരിയിലെ ജോയ്‌സ്‌നയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആശങ്ക സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.
സിപിഎം നേതാവ് ജോര്‍ജ് എം തോമസ് നിലപാട് മാറ്റിയതില്‍ പൊതു സമൂഹത്തിന് സംശയം ഉണ്ട്. ഇടതുപക്ഷം മതങ്ങളോടുള്ള അയിത്തം മാറ്റിയത് സ്വാഗതാര്‍ഹമായ കാര്യമാണ്. സഹകരിക്കാന്‍ കഴിയുന്ന മേഖലകളില്‍ അവരുമായി സഹകരിക്കുമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

















