കോഴിക്കോട്: കോഴിക്കോട് (Kozhikode) നഗരത്തിൽ മയക്കുമരുന്ന് (Drugs) വേട്ട. കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുജറാത്തി സ്ട്രീറ്റിൽ വെച്ച് മാരക മയക്കു മരുന്നായ എംഡിഎംഎയുമായി (MDMA) യുവാവ് പിടിയിലായി. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് കോഴിക്കോട് ടൌൺ പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 6.7 ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവും കണ്ടെടുത്തു.
15 പാക്കറ്റുകളിലാക്കി വിൽപ്പനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎയ്ക്ക് ഏകദേശം 30000 രൂപ വില വരും. മുൻപും ഇയാൾക്കെതിരെ മയക്കുമരുന്ന് ഉപയോഗത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അടുത്ത കാലങ്ങളിലായി നഗരത്തിൽ യുവാക്കൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിച്ചു വരുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ടൌൺ പൊലീസ് സ്റ്റേഷൻ സബ് ഇന്സ്പെക്ടരായ അനൂപ് എ.പി, പ്രസാദ് , പ്രൊബോഷൻ എസ്.ഐ. മുഹമ്മദ് സിയാദ്, എ.എസ്.ഐ. ഷബീർ, എസ്.സി.പി.ഒ മാരായ ഹസീസ്, ബിനിൽ കുമാർ, സി.പി.ഒ മാരായ സജീഷ്, അനൂജ്, ജിതേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
















