തിരുവനന്തപുരം: താമരശ്ശേരിയിലെ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്രവിവാഹത്തിൽ ലൗ ജിഹാദ് പരാമർശം നടത്തിയ മുൻ തിരുവമ്പാടി എംഎൽഎയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായി ജോർജ് എം തോമസിനെതിരെ നടപടിയുണ്ടാവുമെന്ന് സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോർജ് എം തോമസിന്റെ നിലപാട് പാർട്ടി വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നടപടി ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
ഡിവൈഎഫ്ഐ നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ഷിജിന്റെ വിവാഹവുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് വിവാദമായിരുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതംമാറ്റാൻ നീക്കം നടക്കുന്നുവെന്ന് പാർട്ടിരേഖകളിലുണ്ടെന്ന് ജോർജ് എം തോമസ് പറഞ്ഞിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി തൊട്ടടുത്ത ദിവസം തന്നെ ജോർജ് എം തോമസിന്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്ന് വ്യക്തമാക്കിയിരുന്നു.
പാലക്കാട് കൊലപാതകങ്ങൾ ഗൗരവതരമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ വർഗീയ കലാപത്തിനുള്ള പരിശ്രമമാണ് നടക്കുന്നത്. നാട്ടില്‍ കലാപം സൃഷ്ടിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് നീക്കം. മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിത്. രണ്ട് കൂട്ടരും ഭീതി പരത്താൻ ശ്രമമാണ് നടത്തുന്നത്. മതത്തിൻ്റെ പേരിൽ ജനങ്ങളെ അണിനിരത്താനാണ് ശ്രമം. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ആശങ്ക പരത്താൻ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

















