കൽപറ്റ: ജില്ലയിലുടനീളം തെരുവ്നായ് ശല്യം രൂക്ഷമാകുമ്പോഴും നിയന്ത്രിക്കുന്നതിന് ഫലപ്രദമായ പദ്ധതിയില്ലാത്തത് തിരിച്ചടിയാകുന്നു. തുടർച്ചയില്ലാതെ പദ്ധതികൾ മുടങ്ങുന്നതും ജനങ്ങൾക്ക് ഭീഷണിയാണ്. ദിനേന വർധിക്കുകയാണ് നായ്ശല്യം. ഞായറാഴ്ച കൽപറ്റയിൽ 31 പേർക്കാണ് തെരുവ്നായുടെ കടിയേറ്റത്.
അരപ്പറ്റയിലെ നാലുപേർക്കും കടിയേറ്റിരുന്നു. മാർച്ചിൽ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 120 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചുവെങ്കിലും വ്യാപകരീതിയിൽ പദ്ധതി നടപ്പാക്കാൻ കഴിയാത്തത് ഇവയുടെ ശല്യം വർധിപ്പിക്കുകയാണ്. കുടുംബശ്രീ മുഖേന നടപ്പാക്കിയിരുന്ന എ.ബി.സി പദ്ധതി പൊതുതാൽപര്യ ഹരജിയിന്മേലുള്ള കോടതി ഉത്തരവിനെത്തുടർന്ന് ജില്ലയിലും നിർത്തിവെക്കുകയായിരുന്നു. വെറ്ററിനറി വിഭാഗത്തിന് കീഴിലും ജില്ലയിൽ തെരുവുനായ് നിയന്ത്രണത്തിന് നിലവിൽ പദ്ധതികളൊന്നുമില്ല. 2021 ഡിസംബർ 17ലെ ഹൈകോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ കുടുംബശ്രീ മുഖേന നടത്തിവന്നിരുന്ന എല്ലാ തെരുവുനായ് പ്രജനന നിയന്ത്രണ പദ്ധതികളും നിർത്തിവെക്കാൻ കുടുംബശ്രീ അധികൃതർ ജില്ല കോഓഡിനേറ്റർമാർക്ക് നിർദേശം നൽകുകയായിരുന്നു. ഇതോടെയാണ് വയനാട്ടിലും കുടുംബശ്രീ മുഖേന നടപ്പാക്കിത്തുടങ്ങിയിരുന്ന പദ്ധതികൾ നിർത്തിവെക്കേണ്ടി വന്നത്.
2020ൽ ഏഴുലക്ഷത്തോളം രൂപയും 2021ൽ അഞ്ചര ലക്ഷവും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീക്ക് നൽകിയിരുന്നു. ഈ തുക ഉപയോഗിച്ച് 2020ൽ 540ഉം 2021ൽ 262ഉം നായ്ക്കളെ വന്ധ്യംകരിച്ചു. എ.ബി.സി പദ്ധതി ഏറ്റെടുക്കാൻ കുടുംബശ്രീ സന്നദ്ധമാണെങ്കിലും കോടതിയുടെ സ്റ്റേയാണ് തടസ്സമാവുന്നത്. ഈ സാമ്പത്തിക വർഷം ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ എ.ബി.സി പദ്ധതി മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്നത് മാത്രമാണ് ജനങ്ങൾക്ക് ആശ്വാസം നൽകുന്നത്.
















