വരാവൽ (ഗുജറാത്ത്): അനുമതിയില്ലാതെ നടത്തിയ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ വരാവൽ ടൗണിലെ ദർഗയിൽ കാവി പതാക സ്ഥാപിച്ചതിന് 30 പേർ അറസ്റ്റിൽ. വഖാരിയ ബസാറിലെ മഗ്രെബിഷ ബാപ്പു ദർഗയിലാണ് സംഭവം.
പതാക സ്ഥാപിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായതെന്ന് ഗിർ സോമനാഥ് പൊലീസ് സൂപ്രണ്ട് മനോഹർസിങ് ജദേജ പറഞ്ഞു. സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, അനുമതിയില്ലാതെ ഘോഷയാത്ര നടത്തൽ എന്നിവക്കെതിരെ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ പ്രകാരം ദർഗക്ക് മുകളിൽ പതാക സ്ഥാപിച്ചതിന് എട്ട് പേരെയും അനുമതിയില്ലാതെ ഘോഷയാത്ര സംഘടിപ്പിച്ചതിന് 22 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
















