ഡൽഹി: പെട്രോൾ,ഡീസൽ,സിഎൻജി വിലവർധനയിൽ പ്രതിഷേധം അറിയിച്ച് ഡൽഹിയിൽ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്. ടാക്സി നിരക്ക് കൂട്ടണം സിഎൻജി വില കുറയ്ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകൾ മുന്നോട്ടുവെക്കുന്നത്.ഭൂരിഭാഗം യൂണിയനുകളും ഏകദിന പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
പക്ഷെ സർവോദയ ഡ്രൈവർ അസോസിയേഷൻ ഇന്നു മുതൽ അനിശ്ചിതകാലത്തേക്കുള്ള പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്കുവർധന അടക്കം ചർച്ചചെയ്യാൻ സമിതിയെ രൂപീകരിക്കുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇപ്പോൾ യൂണിയനുകൾ.
ഇന്ധന വില കുറച്ചും യാത്രാനിരക്ക് പരിഷ്‌കരിച്ചും സർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ചതായി ഡൽഹി സർവോദയ ഡ്രൈവർ അസോസിയേഷൻ പ്രസിഡന്റ് കമൽജീത് ഗിൽ വ്യക്തമാക്കി.
















