മംഗളൂരു: ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിൽ മനംനൊന്ത് ആറ് മാസം പ്രായമായ കുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു. ഗംഗാധർ കമ്മാരയെന്ന മംഗളൂരു ഫയർഫോഴ്സ് ഡ്രൈവറാണ് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ചതെന്ന് പൊലീസ് കമ്മീഷണർ എൻ.ശശികുമാർ അറിയിച്ചു.
എൻ.എച്ച്-66ൽ കുന്തികാനയിൽ ശനിയാഴ്ച രാത്രി 8.50ഓടെയാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇയാളെ എസ്.യു.വി വന്നിടിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഉടൻ തന്നെ വിവരം വീട്ടുകാരേയും അറിയിച്ചു. ഗംഗാധറിന്റെ ഭാര്യ റായ്ച്ചൂരിൽ സഹോദരനൊപ്പമാണ് താമസിച്ചിരുന്നുത്. ഇവരേയും അപകടവിവരം അറിയിച്ചിരുന്നു.
ഇതറിഞ്ഞയുടൻ ആറ് മാസം പ്രായമായ കുഞ്ഞിനെ സാരി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം 32കാരി ആത്മഹത്യ ചെയ്യുകയായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
















