ഗുവഹാത്തി: ആസാം കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ റിപുണ്‍ ബോറ പാർട്ടി വിട്ടു തൃണമൂൽ കോണ്‍ഗ്രസിൽ ചേർന്നു. കൊൽക്കത്തയിൽ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
മുൻ മന്ത്രിയും രാജ്യസഭാ എംപിയുമായിരുന്നു റിപുണ്‍. കോണ്‍ഗ്രസിന് ഭാവി ഇല്ലെന്നും അതിനാലാണ് തൃണമൂലിൽ ചേർന്നതെന്നും റിപുണ്‍ ബോറ പറഞ്ഞു.
റിപുണ്‍ ബോറയെ അഭിഷേക് ബാനർജി തൃണമൂലിലേക്ക് സ്വാഗതം ചെയ്തു. ശക്തനും പ്രഗത്ഭനുമായ രാഷ്ട്രീയ നേതാവായ റിപുൻ ബോറയ്ക്ക് തൃണമൂൽ കോൺഗ്രസ് കുടുംബത്തിലേക്ക് ഹാർദമായ സ്വാഗതമെന്ന് അഭിഷേക് ട്വീറ്റ് ചെയ്തു. താങ്കൾ പാർട്ടിയിലെത്തിയതിൽ അതീവ സന്തുഷ്ടരാണ് തങ്ങളെന്നും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഒന്നിച്ചുപ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദീർഘകാലം അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന റിപുൻ ബോറ മുൻപ് രാജ്യസഭാ അംഗവുമായിരുന്നു. അസമിൽ വിദ്യാഭ്യാസമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
















