ന്യൂഡൽഹി: ഭർത്താവുമായി വഴക്കിട്ടതിൻറെ ദേഷ്യത്തിൽ യുവതി മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് സ്വദേശിനി അഞ്ജലി ദേവിയെ (26) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം ഉച്ചക്ക് 2.14നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഫോൺ തങ്ങൾക്ക് ലഭിക്കുന്നതെന്നും ഉടൻ തന്നെ സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തെന്നും കയർ ഉപയോഗിച്ചാണ് കുഞ്ഞിൻറെ കഴുത്ത് ഞെരിച്ചതെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ ഉഷ രംഘാണി പറഞ്ഞു.
യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഭർത്താവും യുവതിയും തമ്മിൽ വഴക്കിട്ടിരുന്നു. ഭർത്താവ് ജോലിക്കു പോയതിനു പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം കുഞ്ഞിൻറെ മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.
















