പാർലമെൻറ് നടപടികൾ പുരോഗമിക്കവേ സഭയിൽ സംസാരിക്കുന്ന എൻസിപി എം.പി സുപ്രിയ സൂലെയുടെയും തിരുവനന്തപുരം എം.പി ശശി തരൂരിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തൻറെ ഇരിപ്പിടത്തിൽനിന്ന് നീങ്ങിവരുന്ന തരൂർ തല കൈകൾക്ക് മുകളിൽവെച്ച് കിടന്നുകൊണ്ട് തൊട്ടു മുന്നിലെ നിരയിൽനിന്നും തിരിഞ്ഞിരിക്കുന്ന സുപ്രിയ പറയുന്നത് പുഞ്ചിരിയോടെ കേൾക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഫാറൂഖ് അബ്ദുള്ള സഭയിൽ സംസാരിക്കവേ സുപ്രിയയും തരൂരും സ്വകാര്യ സംഭാഷണത്തിൽ ഏർപ്പെട്ടത് നിരുത്തരവാദപരവും അനാദരവുമായി ആണ് സമൂഹമാധ്യമങ്ങളിൽ പലരും കണ്ടത്. വീഡിയോ വൈറലായതോടെ തരൂരിനെ ലക്ഷ്യംവച്ചുകൊണ്ട് ധാരാളം ട്രോളുകളും പുറത്തുവന്നു.
എന്നാലിപ്പോൾ, ഇരുനേതാക്കളെയും പറ്റി മറ്റൊരു പ്രചാരണം നടക്കുന്നുണ്ട്. തന്റെയും സുപ്രിയയുടെയും വിവാഹനിശ്ചയം തരൂർ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു എന്നാണു പ്രചാരണം. പ്രസ്തുത ട്വീറ്റിന്റെ സ്ക്രീൻഷോട്ടും ഇതിനോടൊപ്പം പ്രചരിക്കുന്നുണ്ട്. പോസ്റ്റ് പ്രകാരം 2022 ഏപ്രിൽ 23നാണ് വിവാഹനിശ്ചയം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പോസ്റ്റ് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജമാണ്. ഏപ്രിൽ 5 ചൊവ്വാഴ്ച ലോക്സഭയിൽ ഉക്രൈൻ-റഷ്യ ഈ വിഷയത്തിൽ ചർച്ച നടക്കവേ ആയിരുന്നു വീഡിയോക്ക് ആസ്പദമായ സംഭവം. തുടർന്ന് ഏപ്രിൽ 7ന് ശശി തരൂർ തന്നെ ട്വിറ്ററിൽ ഒരു വിശദീകരണം നൽകിയിരുന്നു. സഭയിൽ അടുത്തതായി സംസാരിക്കേണ്ടിയിരുന്ന സുപ്രിയ ഒരു സംശയം താനുമായി പങ്കുവെക്കുകയായിരുന്നുവെന്നും, സംസാരിച്ചുകൊണ്ടിരുന്ന ഫാറൂഖ് അബ്ദുള്ളയെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി ഇരുവരും പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും തരൂർ കുറിച്ചു.
പ്രചരിക്കുന്ന സ്ക്രീൻഷോട്ട് തരൂരിന്റെ ട്വിറ്റർ പേജിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ട്വീറ്റുകൾ ഡിലീറ്റ് ചെയ്താലും കണ്ടെത്താൻ കഴിയുന്ന ആർക്കൈവ് വെബ്സൈറ്റുകളിലും തരൂരിന്റെ ഹാൻഡിലിൽനിന്ന് ഇങ്ങനെയൊരു ട്വീറ്റ് വന്നതിന്റെ തെളിവുകൾ ഉണ്ടായിരുന്നില്ല. NCP പ്രസിഡന്റ് ശരദ് പവാറിന്റെ മകളായ സുപ്രിയ സുലെ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. രണ്ട് പ്രമുഖ പ്രതിപക്ഷ എംപിമാർ പരസ്പരം വിവാഹം ചെയ്യുന്നു എന്ന അറിയിപ്പ് പുറത്തുവന്നിട്ടുണ്ടെങ്കിൽ തീർച്ചയായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും. എന്നാൽ അങ്ങനെയൊരു പ്രഖ്യാപനത്തെപ്പറ്റി മാധ്യമങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിൽനിന്നും താനും എൻസിപി പാർലമന്റേറിയൻ സുപ്രിയ സൂലെയുംവിവാഹിതരാകുന്നു എന്ന വിവരം അറിയിച്ചു കൊണ്ട് തിരുവനന്തപുരം എംപി ശശി തരൂർ ട്വീറ്റ് ചെയ്തു എന്നത് തെറ്റായ വാർത്തയാണെന്ന് വ്യക്തമാണ്.