തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച സ്ഥാനാർത്ഥിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആരുവന്നാലും ചലഞ്ച് ചെയ്യുന്ന സ്ഥാനാർത്ഥിയാകും മത്സര രംഗത്തുണ്ടാവുക. ആദ്യഘട്ട ചർച്ചകൾ നടന്നെന്നും തീരുമാനം അധികം വൈകാതെ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര യു.ഡി.എഫിന്റെ ഉറച്ച സീറ്റായാണ് കോൺഗ്രസ് വിലയിരുത്തിയിട്ടുള്ളത്. മണ്ഡലം ഉണ്ടായശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് മികച്ച വിജയമാണ് ലഭിച്ചത്.
2011ൽ ബെന്നി ബഹനാൻ 22,406 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2016ൽ പി.ടി. തോമസിന്റെ ഭൂരിപക്ഷം 11,996 ആയിരുന്നു. 2021ൽ പി.ടി ഭൂരിപക്ഷം 14,329 ആക്കി വർദ്ധിപ്പിക്കുകയും ചെയ്തു.
അതേസമയം, കെവി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ അത് ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കരുതുന്ന നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിലുണ്ട്. ലത്തീൻ കത്തോലിക്കാ സമുദായവുമായി അദ്ദേഹത്തിനുള്ള ബന്ധം ആർക്കും തള്ളിക്കളയാനാകുന്നതല്ല. ഇത് വരുന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് അനുകലമായേക്കാവുന്ന ഘടകമാണ്.

















