കൊല്ലം: കൊല്ലത്ത് നടുറോഡിൽ കൂട്ടത്തല്ല്. കൊട്ടാരക്കര പുത്തൂരിൽ കാർ തടഞ്ഞ് നിർത്തി പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ ശാസ്താംകോട്ട സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബത്തിനും മർദനമേറ്റു.
തിങ്കളാഴ്ച രാവിലെയാണു സംഭവം. ഒരേ ദിശയിൽ വരികയായിരുന്ന കാർ യാത്രക്കാരും ബൈക്ക് യാത്രക്കാരും തമ്മിലാണു തർക്കമുണ്ടായത്. എസ്‌ഐയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ഓവര്‍ടേക്ക് ചെയ്തത് സംബന്ധിച്ചായിരുന്നു തര്‍ക്കം. ബൈക്കില്‍ പിന്നാലെയെത്തി കാറിന് കുറകെ നിര്‍ത്തിയ ശേഷം യുവാക്കള്‍ ഇത് ചോദ്യംചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
ബൈക്ക് കുറുകെ നിര്‍ത്തി ചോദ്യംചെയ്തപ്പോള്‍ സുഗുണന്റെ മകന്‍ അമല്‍ ഇവരോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും കൂട്ടത്തല്ലിലേക്ക് എത്തുകയുമായിരുന്നു.
എസ് ഐ സുഗുണന്റെ ഭാര്യ പ്രിയയ്ക്കും മകൻ അമലിനും പരുക്കേറ്റിട്ടുണ്ട്. അമലിന്റെ പരുക്ക് ഗുരുതരമാണ്. അമലിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും തറയിൽ വീണതിന് ശേഷം ചവിട്ടുകയും ചെയ്തു. സംഭവത്തിൽ പുത്തൂർ സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു.
സ്ഥലത്തുണ്ടായിരുന്ന ചില ആളുകളും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നു വിവരമുണ്ട്.

















