കണ്ണൂർ: സിപിഎമ്മിന് തുടർഭരണം കിട്ടിയത് ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിന്റെ വികസന നയം തെറ്റായ കാര്യമാണെന്ന പ്രതീതി മാധ്യമങ്ങളടങ്ങുന്ന ചില കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികൾ സൃഷ്ടിക്കുകയാണെന്ന് പാർട്ടി കോൺഗ്രസ് പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
പിപ്പിടി കാട്ടിയാൽ ഭയന്ന് പോകുന്നവരല്ല സിപിഎമ്മുകാർ. എൽഡിഎഫ് സർക്കാരിനോട് ധൈര്യമായി മുന്നോട് പോകാനാണ് പാർട്ടി കോൺഗ്രസ് പറഞ്ഞിരിക്കുന്നത്. സിപിഎമ്മിൽ വ്യത്യസ്ത ചേരി ഉണ്ട് എന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമം നടത്തുകയാണ്. കേരള ലൈൻ ഉണ്ട് എന്ന് പ്രചരിപ്പിക്കുന്നു. ഇത്തരക്കാർ ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറയുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷ സമാപന സമ്മേളനത്തിലും പിണറായി ആവർത്തിച്ചു. സര്‍ക്കാരിന്റെ വികസന പരിപാടികള്‍ തെറ്റായ കാര്യമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എല്‍ഡിഎഫ് ഭരിക്കുമ്പോൾ കേരളം മുന്നോട്ടുപോകരുതെന്ന് ചിലര്‍ക്ക് ശാഠ്യമുണ്ട്. സില്‍വര്‍ലൈനിന് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കെ റെയിലിന് ഒപ്പമാണ്. പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനു പകരം അന്ധമായി എതിർക്കുകയല്ല വേണ്ടത്. ചില മാധ്യമങ്ങളും അതിന് ഒപ്പം ചേരുകയാണ്. വികസനത്തിന് എതിരു നിൽക്കുന്നവരെ തുറന്നുകാട്ടുന്നതിനു പകരം അവർക്കുവേണ്ടി വാദിക്കുന്നു. പക്ഷേ ഒന്നും നടക്കുന്നില്ലെന്ന് പിണറായി പറഞ്ഞു.

















