കണ്ണൂർ: കെ റെയിൽ പദ്ധതി തകർക്കാൻ കോ-ലീ-ബി സഖ്യത്തിന്റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ നടപ്പാക്കും. ജനങ്ങളാണ് പാർട്ടിയുടെ ശക്തി. എന്നാൽ പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തി ജനങ്ങളെ ഇളക്കി വിടാനാണ് പ്രതിപക്ഷ കക്ഷികളുടെ ശ്രമമെന്നും കോടിയേരി ആരോപിച്ചു.
സിപിഎം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷത്തിന് വാശിയാണ്. പൂർണമായും രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണ് എതിർപ്പിന് പിന്നിലുള്ളത്. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
1383 ഹെക്ടർ ഭൂമി മാത്രമാണ് പദ്ധതിക്കായി എടുക്കുന്നുന്നത്. ആ പ്രദേശത്തെ ജനങ്ങൾക്ക് വീട് നഷ്ടമാകുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാൻ സർക്കാരുണ്ടാകും. അതുകൊണ്ട് അവരെ ഇളക്കി വിട്ട് പദ്ധതി തകർക്കാമെന്ന് കോ-ലീ-ബി സഖ്യം കരുതരുത്. കേന്ദ്ര ഗവൺമെന്റ് 400 റെയിൽവേ സ്റേഷനുകളും
1400 കീ.മി റെയിൽവേ ട്രാക്കുകളുമാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. എല്ലാം സ്വകാര്യ വത്കരിക്കുകയാണ്. ഇവിടെ പൊതുമേഖലയിൽ ഒരു റെയിൽവേ വരുമ്പോൾ അതിനെ എതിർക്കുന്നു. ഇത്തരക്കാർ കോർപ്പറേറ്റുകൾക്കെതിരെ പ്രവർത്തിക്കുന്നവരാണെന്നും അതുകൊണ്ടാണ് സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നതെന്നും കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചു.
കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും സിൽവർ ലൈൻ പദ്ധതിക്ക് അനുകൂലമാണ്. അവരെ അണിനിരത്തികൊണ്ട് ഈ പദ്ധതി നടപ്പാക്കാൻ സാധ്യമാകുന്ന എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്ന് കോ-ലീ-ബി സഖ്യം മാനസിലാക്കുന്നതാണ് നല്ലതെന്ന് കോടിയേരി കൂട്ടിച്ചേർത്തു. പദ്ധതിയെ എതിർക്കുന്നവർ ഒറ്റപ്പെടും. അവരുടെ കൂടെ നിൽക്കുന്നവർ തന്നെ ഈ പദ്ധതിയെ അനുകൂലിച്ചുകൊണ്ടിരിക്കുകയാണ്. സിൽവർ ലൈൻ പദ്ധതി വേണമെന്ന് കെ വി തോമസ് ഉൾപ്പെടെയുള്ളവർ പറഞ്ഞു, ഇതാണ് നാട്ടിൽ ഉയർന്നുവരുന്ന വികാരമെന്നും അദ്ദേഹം വ്യക്തമാക്കി.

















