കണ്ണൂർ: ഇടതുപക്ഷം ഇന്ത്യയുടെ ഒരു മൂലയിലേക്ക് ഒതുങ്ങിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി സൂചിപ്പിക്കുമ്പോഴും നരേന്ദ്ര മോദിയും ബിജെപിയും ചുവന്ന പതാകയെ ഭയക്കുന്നുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഫാസിസം അവസാനിപ്പിച്ച പതാകയെ മോദിക്കും ബിജെപിക്കുമറിയാം. ഈ ശക്തിയാണ് അവർ ഭയക്കുന്നത്. ഈ ചരിത്രം അവർ മനസ്സിലാക്കണമെന്നും അദ്ദേഹം 23-ാമത് സിപിഎം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ പറഞ്ഞു.
ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങളെ ചെങ്കൊടിയുടെ കീഴിൽ നിന്ന് എതിർക്കും. ഹിന്ദുത്വ വർഗീയതയ്ക്ക് എതിരെ മതേതര ശക്തികളെ ഒന്നിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സെമിനാറിന് വിളിച്ചാൽ പോലും കോൺഗ്രസുകാർ എത്തുന്നില്ല. സന്ദർഭത്തിനൊത്ത് ഉയരാൻ മതേതര പാർട്ടികൾ പഠിക്കണം. കോൺഗ്രസിന് മതേതര പാർട്ടി എന്ന് പറച്ചിൽ മാത്രമാണെന്നും കോൺഗ്രസ് നിലപാട് വ്യക്തമാക്കണെമെന്നും അദ്ദേഹം വിമർശിച്ചു. മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എങ്ങനെ കോൺഗ്രസിനൊപ്പം നിൽക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന പ്രസ്താവന ഫെഡറലിസത്തിന് എതിരാണ്. ഭാഷാ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട സംസ്ഥാനങ്ങളാണ് രാജ്യത്തുള്ളത്. അത് തകർക്കുന്നതാണ് പുതിയ നീക്കം. കേരളത്തിലെ വികസന പദ്ധതികൾ രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിക്കും. കേരളം രാജ്യത്തിന് മാതൃകയാണെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിന്റെ വികസനങ്ങളെ യെച്ചൂരി അഭിനന്ദിക്കുകയും ചെയ്തു. മാനവവികാസ സൂചകങ്ങളുടെ കാര്യത്തിൽ രാജ്യത്തിന് മാത്രമല്ല ലോകത്തിന്റെ മറ്റു പല പ്രദേശങ്ങൾക്കും കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രത്യേകത മതത്തിന്റെ അതിരുകൾക്കതീതമായി മനുഷ്യരെ സമീപിക്കുന്നു എന്നതാണ്. എല്ലാവരേയും മനുഷ്യൻ എന്ന നിലയിലാണ് പരിഗണിക്കുന്നത്. എന്തുകൊണ്ട് ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ഇത് സാധ്യമാകുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം സിപിഐഎമ്മിനെ നയിക്കുകയെന്ന നിര്‍ണായക ദൗത്യം മൂന്നാം തവണയും സീതാറാം യെച്ചൂരിക്ക്. കണ്ണൂരില്‍ നടന്ന സിപിഐ എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
അതിനിടെ കണ്ണൂരിനെ ചെങ്കടലാക്കി സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമായി. വൈകുന്നേരം നായനാര്‍ അക്കാദമിയില്‍നിന്ന് ജവഹര്‍ സ്റ്റേഡിയത്തിലേക്ക് നടന്ന റെഡ് വളണ്ടയര്‍ മാര്‍ച്ചോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്.
രണ്ടായിരം വളണ്ടിയര്‍മാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പിണറായി വിജയന്‍, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, പ്രകാശ് കാരാട്ട് എന്നിവര്‍ തുറന്ന വാഹനത്തില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. സമാപനസമ്മേളനത്തിന്റെ ഭാഗമാകാന്‍ ആയരങ്ങളാണ് നഗരത്തിലേക്ക് എത്തിയത്. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കോട്ടംതട്ടിയെന്ന് അംഗീകരിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.ഐ എം ഭരിക്കുന്ന ഏക സംസ്ഥാനമെന്ന നിലയ്ക്ക് കേരളം തന്നെയായിരുന്നു പ്രധാന ചര്‍ച്ച.

















