തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റീമറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ശ്രീലങ്കക്കും തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇത് വരും ദിവസങ്ങളിൽ മാന്നാർ കടലിടുക്ക് വഴി അറബികടലിൽ എത്തിച്ചേരാൻ സാധ്യത. അതോടൊപ്പം തെക്കേ ഇന്ത്യക്ക് മുകളിൽ ന്യൂനമർദ്ദ പാത്തി കൂടി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ ഇടി മിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത.
ഇന്നും ഏപ്രിൽ 13& 14 തീയതികളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ തെക്കൻ കേരളത്തിന് പുറമെ വയനാട്ടിലും ഈ മണിക്കൂറുകളിൽ നല്ല മഴ ലഭിക്കുന്നുണ്ട്.
നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വ്യാഴാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടമിന്നലിനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്തു വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തമിഴ്നാട്, കന്യാകുമാരി, മന്നാർ കടലിടുക്ക് എന്നിവിടങ്ങളിലും അടുത്ത 24 മണിക്കൂർ കൂടി കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

















