ഇൻഡോർ: ലാത്തി പിടിച്ചുവാങ്ങി പൊലീസ് കോൺസ്റ്റബിളിനെ പൊതിരെ തല്ലി യുവാവ്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മധ്യപ്രദേശിലെ ഇൻഡോറില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
യൂണിഫോമിൽ നിൽക്കുന്ന കോൺസ്റ്റബിള്‍ ജയ്പ്രകാശ് ജയ്‌സ്വാളിനാണ് അടിയേറ്റത്. പൊതുജനമധ്യത്തിലായിരുന്നു മർദനം. സംഭവത്തിൽ 25 കാരനായ ദിനേശ് പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തെത്തി.
In Indore Police constable Jai Prakash Jaiswal assaulted in full public view accused has been arrested @ndtv @ndtvindia pic.twitter.com/NElwWSXOXq
— Anurag Dwary (@Anurag_Dwary) April 9, 2022
അടിയേറ്റ് നിലത്ത് വീണ പൊലീസുകാരനെ അവിടെയിട്ടും അടിക്കുന്നത് വീഡിയോയിൽ കാണാം. എണീറ്റ് നടന്ന് പോകാൻ ശ്രമിച്ച പൊലീസുകാരനെ പ്രതി പിന്തുടർന്ന് ആക്രമിച്ചു. നിരവധി പേർ സംഭവത്തിന് ദൃക്‌സാക്ഷികളായെങ്കിലും ആരും സഹായിക്കാൻ എത്തിയില്ല. ആക്രമണത്തിൽ പൊലീസുകാരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
വെങ്കടേഷ് നഗര്‍ മേഖലയില്‍വെച്ചുണ്ടായ ഒരു ചെറിയ അപകടത്തിന് പിന്നാലെ ആയിരുന്നു ദിനേശിന്റെ പരാക്രമം. എയറോഡ്രോം പോലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ച് ദിനേശിന്റെ ബൈക്ക് ജയ് പ്രകാശിന്റെ ബൈക്കുമായി കൂട്ടിയിടിച്ചിരുന്നെന്ന് അസിസ്റ്റന്റ് ഡെപ്യൂട്ടി കമ്മിഷണര്‍ രാജീവ് സിങ് ഭദൗരിയ പറഞ്ഞു. സൂക്ഷിച്ച് വാഹനം ഓടിക്കാന്‍ പറഞ്ഞതിന് പിന്നാലെ ദിനേശ്, ജയ് പ്രകാശിന്റെ പക്കല്‍നിന്ന് ലാത്തി പിടിച്ചുവാങ്ങുകയും മര്‍ദിക്കുകയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് ദിനേശ് മദ്യപിച്ചിരുന്നെന്നും പ്രകാശിന്റെ തലയ്ക്ക് എറ്റ പരിക്ക് ഗുരുതരമാണെന്നും ഭദൗരിയ കൂട്ടിച്ചേര്‍ത്തു.
വീഡിയോയുടെ അടിസ്ഥാനത്തിൽ ഐപിസി 307 (വധശ്രമം) അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ദിനേശിന് ക്രിമിനൽ ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
















