ദുബൈ: പാസ്പോർട്ടിൽ പരസ്യ സ്റ്റിക്കറുകൾ പതിക്കുന്നതിനെതിരെ പ്രത്യേക നിർദേശവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്. ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. പാസ്പോർട്ടുകൾ വികൃതമാക്കാൻ ആരെയും അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തരവാദിത്ത രഹിതമായി പെരുമാറുന്ന നിരവധി ട്രാവൽ ഏജന്റുമാർ പാസ്പോർട്ടുകളെ പരസ്യം പതിക്കാനുള്ള വസ്തുവായാണ് കണക്കാക്കുന്നതെന്ന് കോൺസുലേറ്റ് ആരോപിച്ചു. തങ്ങളുടെ ഏജൻസികളുടെയും കമ്പനികളുടെയും സ്റ്റിക്കറുകൾ പതിച്ച് പാസ്പോർട്ടുകളുടെ കവർ വികൃതമാക്കുകയാണ് ചെയ്യുന്നത്. ഇത് ഇന്ത്യൻ ഗവൺമെന്റ് പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഇന്ത്യൻ പാസ്പോർട്ട് ഉടമകളായ എല്ലാവരും, തങ്ങളുടെ പാസ്പോർട്ടുകൾ ട്രാവൽ ഏജന്റുമാരോ മറ്റ് ആരെങ്കിലുമോ ഇത്തരത്തിൽ വികൃതമാക്കുന്നില്ലെന്ന് എപ്പോഴും ഉറപ്പുവരുത്തണമെന്നും അറിയിപ്പിലുണ്ട്.