ദില്ലി: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിയുടെ (Bineesh Kodiyeri) ജാമ്യത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) സുപ്രീംകോടതിയിൽ. ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.
നേരിട്ടുള്ള തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. സംശയം വെച്ച് മാത്രം ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എപ്പോൾ വിളിപ്പിച്ചാലും കോടതിയിൽ ഹാജരാകണം, രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഒക്ടോബർ 28നാണ് ബിനീഷ് കോടിയേരിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
















