സീതാപൂർ: മുസ്‌ലിം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യുമെന്ന് പള്ളിക്ക് മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തി ഹിന്ദു പുരോഹിതൻ. സീതാപൂരിലെ ഖൈറാബാദിൽ ശേഷെ വാലി മസ്ജിദിന് മുന്നിൽ ഏപ്രിൽ രണ്ടിനാണ് വിവാദ പ്രസംഗം നടന്നത്. ഇയാളുടെ വാക്കുകളെ ജയ് ശ്രീരാം മുഴക്കി അക്രമാസക്തരായാണ് ആൾക്കൂട്ടം സ്വീകരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ പ്രസംഗം മുഴുവൻ ശ്രവിച്ച് സംഭവസ്ഥലത്ത് നിൽക്കുന്നുണ്ടെങ്കിലും ഒരു ഇടപെടലും നടത്തിയിട്ടില്ല.
പ്രസംഗത്തിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ”നിങ്ങളിൽ ആരെങ്കിലും ഒരു ഹിന്ദു പെൺകുട്ടിയെ അനാവശ്യമായി സമീപിച്ചാൽ ഞാൻ പരസ്യമായി മുസ് ലിം സ്ത്രീകളെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്യും”- പുരോഹിതൻ പറയുന്നു.
ഒരു വാഹനത്തിന്റെ മുൻസീറ്റിലിരുന്നാണ് കാവി വസ്ത്രധാരിയായ പുരോഹിതന്റെ പ്രസംഗം. തന്നെ കൊലപ്പെടുത്താൻ മുസ്‌ലിംകൾ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപ പിരിച്ചെടുത്തെന്നും ഇയാൾ ആരോപണം ഉയർത്തുന്നു.