ഡല്‍ഹി: പട്ടാളത്തിൽ പ്രവേശിക്കാനുള്ള സൈനിക റിക്രൂട്ട്മെന്റ് വൈകുന്നുവെന്ന് ആരോപിച്ച് വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി യുവാവ്. രാജസ്ഥാനിലെ സിക്കാറില്‍ നിന്ന് ന്യൂഡല്‍ഹി വരെ 350 കിലോമീറ്റര്‍ ഓടിയെത്തിയാണ് 24കാരനായ സുരേഷ് ബിച്ചാര്‍ പ്രതിഷേധിച്ചത്. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ജന്തര്‍ മന്ദിറില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കനാണ് യുവാവ് ദീര്‍ഘദൂരം ഓടി എത്തിയത്.
‘ഞാന്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു റിക്രൂട്ട്മെന്റ് പോലും നടന്നിട്ടില്ല. സൈന്യത്തിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിട്ടും അതിനുള്ള റിക്രൂട്ട്മെന്റ് പോലും നടത്താതതില്‍ പ്രതിഷേധിക്കുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യം കൂടിയാണ് തന്റെ പ്രതിഷേധം’ – യുവാവ് മാധ്യമങ്ങളോട് പറയുന്നു.
ദേശീയപാതയിലൂടെ സുരേഷ് ബിച്ചാര്‍ ഓടുന്ന ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. പുലര്‍ച്ചെ നാല് മാണിക്ക് ആരംഭിച്ച ഓട്ടം രാവിലെ 11 മണിക്ക് ഒരു പെട്രോള്‍ പമ്പില്‍ എത്തുന്നത് വരെ തുടര്‍ന്നു. അവിടെ ചിലര്‍ തനിക്ക് ഭക്ഷണവും വെള്ളവും നല്‍കിയെന്നും യുവാവ് പറയുന്നു.