ഡൽഹി: കർണാടകയിൽ ഇപ്പോൾ നടക്കുന്ന ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദ. അടിച്ചമർത്തലിനെതിരെ പ്രതികരിക്കണമെന്ന് അൽഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി ആവശ്യപ്പെട്ടു. ഖാഇദയുടെ ഔദ്യോഗിക ശബാബ് മീഡിയ പുറത്തുവിട്ട ഒമ്പത് മിനിറ്റ് വീഡിയോയിലാണ് സവാഹിരിയുടെ ആഹ്വാനം. ഹിജാബിനെതിരെ രംഗത്തെത്തിയ വിദ്യാർത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാർഥി മുസ്കാൻ ഖാനെ സവാഹിരി പ്രശംസിച്ചു. സ്വന്തം കവിത ചൊല്ലിയാണ് സവാഹിരി മുസ്കാൻ ഖാനെ പ്രശംസിച്ചത്.
‘ ദ നോബിൾ വുമൺ ഓഫ് ഇന്ത്യ’ എന്ന് എഴുതിയ പോസ്റ്ററിന്റെ പശ്ചാത്തലത്തിലായിരുന്നു സവാഹിരിയുടെ വീഡിയോ. ഹിജാബ് നിരോധിച്ച രാജ്യങ്ങളെയും സവാഹിരി വിമർശിച്ചു. പാകിസ്ഥാനും ബംഗ്ലാദേശും പടിഞ്ഞാറൻ രാജ്യങ്ങളുടെ സഖ്യകക്ഷികളാണെന്നും സവാഹിരി ആരോപിച്ചു. കഴിഞ്ഞ നവംബറിന് ശേഷം ആദ്യമായാണ്മു സവാഹിരി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 2020ൽ സവാഹിരി മരിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരിന്നു.