ദുബൈ: അനധികൃത തെരുവുകച്ചവടക്കാരിൽനിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങരുതെന്ന് വടക്കൻ എമിറേറ്റുകളിലെ അധികൃതരുടെ മുന്നറിയിപ്പ്. ഷാർജ, അജ്മാൻ, ഫുജൈറ മുനിസിപ്പാലിറ്റികളാണ് അനധികൃത തെരുവുഭക്ഷണ കച്ചവടക്കാർക്കെതിരെ ശക്തമായ നടപടി ആരംഭിച്ചത്. പിടിയിലാകുന്ന ഇത്തരം കച്ചവടക്കാരെ നാടുകടത്തുന്നതടക്കം കർശന ശിക്ഷ നടപ്പാക്കും. റമദാൻ മാസത്തിൽ ഇത്തരം പ്രവർത്തനങ്ങൾ ഒരു നിലക്കും അനുവദിക്കില്ലെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി പറഞ്ഞു.
തൊഴിലാളികൾ താമസിക്കുന്ന മേഖലകളിലാണ് ഇത്തരക്കാർ കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. റസ്റ്റാറൻറുകളിലേതിനേക്കാൾ കുറഞ്ഞ വിലക്ക് ലഭിക്കുന്നതിനാൽ പലരുമിത് വാങ്ങുന്നുണ്ട്. ഷാർജയിലെ ദൈദ് മുനിസിപ്പാലിറ്റിയും ഇത്തരം വിൽപനക്കാരെ കണ്ടെത്താൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. അജ്മാൻ മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം തെരുവുഭക്ഷണക്കച്ചവടം നിരോധിച്ചതാണെന്ന് പ്രസ്താവനയിൽ അറിയിച്ചു. ദിബ്ബ ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ഹസൻ അൽ യമാഹിയും കർശന നടപടി സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.