വിദ്വേഷ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസിന്റെ കൊച്ചിയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ മട്ടാഞ്ചേരി പൊലീസ് കേസെടുത്തു. ജനങ്ങള്‍ക്ക് മാര്‍ഗതടസം ഉണ്ടാക്കിയെന്നാരോപിച്ചാണ് പൊലീസ് നടപടി. കണ്ടാല്‍ അറിയാവുന്ന 20 പ്രവര്‍ത്തകര്‍ക്കെതിരെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ജിസ്മോന്‍, ജില്ലാ നേതാവ് രനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ച് നടന്നത്. നേരത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് സമാന രീതിയില്‍ പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധ പരമ്പരകളാണ് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ അരങ്ങേറുന്നത്.
എന്നാല്‍, ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ടി.ജി മോഹന്‍ദാസ് കൊച്ചിയിലെ വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ തിരുവനന്തപുരത്തും അദ്ദേഹത്തിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിവിധ സംഘടനകള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ ശക്തമാക്കുന്നത്.
















