യു.എ.ഇ.യിൽനിന്നും റോഡ് മാർഗം കിഴക്കൻ യൂറോപ്പടക്കം 13 രാജ്യങ്ങൾ സഞ്ചരിച്ച് മലയാളിദമ്പതിമാർ. 30 ദിവസംകൊണ്ട് 8800 കിലോമീറ്ററാണ് തൃശ്ശൂർ ചാവക്കാട് സ്വദേശികളായ ജമീൽ മുഹമ്മദ്, ഭാര്യ നിഷ ജമീൽ എന്നിവർ സ്വന്തം ലാൻഡ് ക്രൂയിസർ വാഹനത്തിൽ സഞ്ചരിച്ചത്. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, മധ്യേഷ്യ, ഫാർ ഈസ്റ്റ്, മഗ്‌രിബ് രാജ്യങ്ങൾ ഉൾപ്പെടെ 65 രാജ്യങ്ങൾ ഇതിനകം സന്ദർശിച്ച ഇവർക്ക് ലോകസഞ്ചാരം എന്നത് ഇഷ്ടവിനോദമാണ്. മാത്രമല്ല ആദ്യമായാണ് ദുബായ് രജിസ്ട്രേഷൻ വാഹനത്തിൽ മുഴുവൻ സമയം ഓടിച്ച് ലോകം ചുറ്റുന്നതെന്നും ജമീൽ മുഹമ്മദ് പറയുന്നു.
ദുബായിൽനിന്ന് ഇറാൻ വഴി, തുർക്കി, ബൾഗേറിയ, സെർബിയ, റൊമേനിയ, ഹംഗറി, സ്ലോവാക്യ, ചെച്‌നിയ, പോളണ്ട്, ലാറ്റ്വിയ, ലിത്വാനിയ, അസ്റ്റോണിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലൂടെയാണ് ഇവർ സഞ്ചരിച്ചത്. യാത്ര സാഹസികമായിരുന്നെങ്കിലും കൗതുകകരമായ ഒട്ടേറെ കാഴ്ചകൾ കാണാനും അനുഭവിക്കാനുമായി. നേരത്തെ വിമാനം മാർഗംപോയി അവിടങ്ങളിലെത്തിയാൽ ഡ്രൈവ് ചെയ്തു പോകുകയായിരുന്നു പതിവ്. എന്നാൽ ഇത്തവണ സ്വയം ഡ്രൈവ് ചെയ്തു പോയതുകൊണ്ട് ഓരോ രാജ്യത്തിന്റെയും തലസ്ഥാനനഗരിയിൽ പ്രവേശിക്കാനായി.
ഇറാനിൽ വാഹനമോടിക്കൽ പ്രയാസമായിരിക്കും എന്നുകരുതി ഒട്ടേറെ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. പക്ഷേ, എല്ലാ ധാരണകളെയും തെറ്റിക്കുന്നതായിരുന്നു അവിടെനിന്നുണ്ടായ അനുഭവങ്ങൾ. അതിമനോഹരമായ റോഡുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് ഇറാനിൽ വരവേറ്റത്. അങ്കാറയിലൂടെയും ഈസ്താംബൂളിലൂടെയും സഞ്ചരിച്ചാണ് ബൾഗേറിയയിൽ പ്രവേശിച്ചത്. ആദ്യമായാണ് അവരുടെ റോഡിൽ ഒരു ദുബായ് രജിസ്‌ട്രേഷൻ വാഹനം കാണുന്നതെന്ന കൗതുകം പലരും പങ്കുവെച്ചു.